കൊല്ലം: 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് കാലിയായ ഖജനാവുമായിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരം കോടിയിലധികം രൂപയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും ധനകാര്യ മാനേജ്മെന്‍റിലൂടെ എല്ലാ പേയ്മെന്‍റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിപ്പിക്കുന്നതെന്നും തോമസ് ഐസക്ക് കൊല്ലത്ത് പറഞ്ഞു.
ട്രഷറി അക്കൗണ്ടില്‍ ചെലവാക്കാതെ വകുപ്പുകള്‍ ഇട്ടിരുന്ന തുക തിരിച്ചെടുത്തതിനെ വിമര്‍ശിച്ചത് കണ്ടതായും ട്രഷറിയില്‍ കാശില്ലാത്തതു കൊണ്ടല്ല അങ്ങനെ ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അവസാന ദിവസം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ചെയ്‌തത് പോലെ വകുപ്പുകള്‍ക്ക് പല കാരണങ്ങളാല്‍ മാര്‍ച്ച് 31നകം ചെലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്‌തില്ലായിരുന്നുവെങ്കില്‍ അടുത്ത വര്‍ഷത്തെ കടമെടുപ്പില്‍ നിന്ന് അത്രയും തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടികുറയ്ക്കുമായിരുന്നു. ഇങ്ങനെ തിരിച്ചെടുത്ത തുക കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്‌തതുപോലെ തന്നെ ഏപ്രിലില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അക്കൗണ്ടിലേക്ക് തിരിച്ച് നല്‍കും. ട്രഷറി മിച്ചത്തിലെ അയ്യായിരം കോടി ഇതിന് പുറമെയാണെന്നും തോമസ് ഐസക്ക് ഓർമിപ്പിച്ചു. കാര്യം വ്യക്തമായി മനസിലാക്കാതെയാണ് തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെതിരെ ഇത്തരം വാർത്തകൾ പടച്ച് വിടുന്നതെന്നും ഐസക്ക് പറഞ്ഞു.
അതേസമയം, ഇനി ശ്രദ്ധ ചെലുത്തുന്നത് വരുന്ന മൂന്ന് ദിവസങ്ങൾക്കുള്ളിൽ പരിഷ്‌കരിച്ച ശമ്പളവും പെന്‍ഷനും നല്‍കാനുള്ള നടപടികളാണെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ആദ്യ ദിവസങ്ങളിലെ ബാങ്ക് അവധി പരിഗണിച്ച് പെന്‍ഷന്‍കാര്‍ക്ക് വിതരണം നടത്താനുള്ള തുക സൂക്ഷിക്കുന്നതിനായി ട്രഷറികള്‍ക്കു ഉത്തരവ് നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതെ ശമ്പള, പെന്‍ഷന്‍ വിതരണം മൂന്നു ദിവസത്തിനുള്ളില്‍ പൂത്തിയാക്കുമെന്നുറപ്പാണെന്നും ഐസക്ക് കൂട്ടിചേർത്തു.