കൊല്ലം : കൊല്ലം പന്മനയിൽ വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം ഹോജ ജില്ലയിലെ തിനാലി ബസാർ ബാദാമ പത്തടി സ്വദേശി അബ്ദുൽഗഫൂർ, നാഗാൻ ജില്ല ബമൂനാഗാൻ സ്വദേശി ബിജയദാസ്, ഹാജ ജില്ല ഉദാലി ബസാർ അഷറഫുൽ ആലം എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്.
അബ്ദുൽ ഗഫൂറിനെ പന്മനയിലെ വാടക വീട്ടിൽ നിന്നും, ബിജാസിനെ ആലപ്പുഴയിൽ നിന്നും, മോഷണ ശേഷം വിമാനമാർഗം കോയമ്പത്തൂരിലേക്ക് കടന്ന അഷ്‌ഫൽ ആലത്തിനെ കോയമ്പത്തൂരിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.
ആൾത്താമസമില്ലാത്ത സമയം നോക്കി കഴിഞ്ഞ ഒരു മാസത്തിനിടെ പന്മനയിലെ 6 വീടുകളിലാണ് സംഘം കവർച്ച നടത്തിയത്. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടുപിടിച്ച് രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
നിർമാണത്തൊഴിലാളികളെന്ന വ്യാജേന പന്മന ആറ് മുറിക്കട ജംങ്ഷന് സമീപം താമസിച്ചുവരികയായിരുന്നു പ്രതികൾ. പന്മന മുഖം മൂടി ജംങ്ഷനിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി പഴഞ്ഞിയിൽ അൻസാറിന്‍റെ വീട്ടിൽ നിന്നും 13 പവനും,സൈനികൻ സജിയുടെ പന്മന ആക്കൽ ക്ഷേത്രത്തിനുസമീപത്തെ വീട്ടിൽ നിന്ന് 18.5 പവനും ഇവര്‍ കവര്‍ന്നിരുന്നു. കൂടാതെ നടുവത്ത് ചേരിയിലെ 4 വീടുകളില്‍ കവർച്ച നടത്തിയതും തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
ALSO READ: കെ.എസ്.ആർ.ടി.സി ബസിൽ മോഷണ ശ്രമം ; തമിഴ് യുവതികൾ പിടിയിൽ
സൈനികന്‍റെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം പ്രതികൾ താമസിച്ചിരുന്ന പന്മനയിലെ വാടക വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. അൻസാരിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണം അസമിൽ വിറ്റതായും പ്രതികൾ മൊഴി നല്‍കി.