കൊല്ലം: കൊല്ലം വനിത സംരക്ഷണ കേന്ദ്രത്തിലെ ആതിരയും ഗോപികയും അമ്മുവും ഇനി സുമംഗലികൾ. സർക്കാരും സുമനസുകളും ഒരുക്കി നൽകിയ താലിയണിഞ്ഞാണ് ഭർത്താക്കന്മാരുടെ കൈപിടിച്ച് ഒരു കൂരയ്ക്ക് കീഴിൽ നിന്നും മൂവരും മൂന്നു വീടുകളിലേയ്ക്ക് പടിയിറങ്ങിയത്.
മന്ത്രി ജെ. ചിഞ്ചുറാണിയ്ക്കും ജില്ലാ കലക്‌ടർ അഫ്‌സാന പർവീണിനും ദക്ഷിണ നൽകിയാണ് അമ്മുവും ഗോപികയും ആതിരയും കതിർമണ്ഡപത്തിലേക്ക് എത്തിയത്. അമ്മുവിന് കല്ലുവാതുക്കൽ സ്വദേശി അജി കൃഷ്ണയും ഗോപികയെ മുഖത്തല സ്വദേശി ചിത്തരേഷും ആതിരയെ ചവറ സ്വദേശി ജസ്റ്റിനും താലിചാർത്തി സ്വന്തമാക്കി. ആദ്യം അമ്മുവിന്‍റെ താലികെട്ട്, പിന്നാലെ ഗോപിക. അമ്മുവിനെ കലക്‌ടറും ഗോപികയെ സിറ്റി പൊലീസ് കമ്മീഷണർ നാരായണനും കൈപിടിച്ചു നൽകി.
ALSO READ: റാസിയുടെ രണ്ടാമത്തെ കവിതാസമാഹാരം 'എൻറൊ' പ്രകാശിപ്പിച്ചു
ക്രിസ്തീയ ആചാരപ്രകാരമായിരുന്നു ആതിരയുടെ വിവാഹം. ആശംസകളും സമ്മാനപ്പൊതികളുമായി ഉറ്റവരും ഉടയവരും സംരക്ഷണമൊരുക്കിയവരും ഒപ്പം ചേർന്നു. അങ്ങനെ വനിതാ സംരക്ഷണ കേന്ദ്രത്തിലെ മൂന്നു പെൺകുട്ടികളുടെയും കല്യാണം പ്രൗഢഗംഭീരമായി.
തിരുവനന്തപുരം സ്വദേശികളായ ഷീജ, മണികണ്ഠൻ എന്നിവർ സംഭാവനയായി നൽകിയ നാല് പവൻ വീതം സ്വർണവും പൊലീസ് അസോസിയേഷൻ വക ഓരോ പവനും ചേർത്ത് അഞ്ച് പവൻ സ്വർണമാണ് ഓരോരുത്തർക്കും ലഭിച്ചത്. വനിതാ ശിശു വികസന വകുപ്പ് ഓരോ ലക്ഷം രൂപ വീതം വിവാഹസമ്മാനമായി നൽകി.
വിവാഹസദ്യ റാണി നൗഷാദ് ഒരുക്കിയപ്പോൾ മറു വീടിനുള്ള അലമാരയും പൊലീസ് അസോസിയേഷൻ സമ്മാനിച്ചു. അങ്ങനെ ഏറെ സന്തോഷത്തോടെ ഒത്തിരി പ്രതീക്ഷകളുമായി അവർ മൂവരും ഇനി മൂന്നു വീടുകളിലെ വീട്ടമ്മമാർ.