കൊല്ലം: ജയിൽ ചാടിയ കുപ്രസിദ്ധ മോഷ്‌ടാവ് കൊല്ലത്ത് പിടിയിൽ. അമ്പലപ്പുഴ സ്വദേശിയായ വടിവാൾ വിനീതാണ് അറസ്‌റ്റിലായത്. വിനീതിനെ കഴിഞ്ഞമാസം എറണാകുളം റൂറൽ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. എന്നാൽ എറണാകുളത്തെ കൊവിഡ് കേന്ദ്രത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടു. ഇന്നലെ ചടയമംഗലത്ത് എം.സി റോഡിൽ മാരുതി ആൾട്ടോ കാർ മോഷ്‌ടിച്ചതായി പൊലീസിന് വിവരം ലഭിച്ചിക്കുകയും തുടർന്ന് കൊല്ലം, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തിലുള്ള സംഘം സിറ്റി മേഖലയിൽ പ്രത്യേക അന്വേഷണം നടത്തിയിരുന്നു.
ഇതിനിടെ, കൊല്ലത്തെത്തിയ വിനീതിന്‍റെ ആൾട്ടോ കാർ കൊല്ലം കടപ്പാക്കട സ്പോർട്‌സ് ക്ലബ്ബിന് മുൻപിൽ വച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ജീപ്പിലേക്ക് കാർ ഇടിച്ചുനിർത്തിയ ശേഷം വിനീത് രക്ഷപെട്ടു. പ്രദേശവാസികളും പൊലീസും ചേർന്നാണ് ജനയുഗം റോഡിലൂടെ ഓടിയ വിനീതിനെ പിടിച്ചത്. ടൗൺ അതിർത്തിയിലെ ഒരു വീടിന്‍റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുമ്പോളാണ് വിനീതിനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് വടിവാളും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.