കൊല്ലം: ഉദ്യാനനഗരി ഉള്‍പ്പെടെ മലമ്പുഴ മോഡല്‍ വികസനം തെന്മല ഡാമില്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ പത്ത് കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ഡാമിനോട് ചേര്‍ന്നുള്ള നൂറ് ഹെക്ടര്‍ സ്ഥലത്ത് ഉദ്യാനവും മറ്റ് വിനോദോപാധികളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ഡാമില്‍ നിന്നും കൃഷിക്കും കുടിവെള്ള പദ്ധതികള്‍ക്കുമായി കൂടുതല്‍ വെള്ളമെത്തിക്കാന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കും. വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ജലവിനിയോഗം ഫലപ്രദമാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ തെന്മല ഡാം സന്ദര്‍ശനത്തെ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
കൃഷിക്കാര്‍ക്ക് കൂടുതല്‍ വെള്ളം എത്തിക്കുന്നതിനും ജലസേചന പദ്ധതികള്‍ക്ക് ജലനഷ്ടമില്ലാതെ വെള്ളം എത്തിക്കുന്നതിനും വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ഇറിഗേഷന്‍, കൃഷി, വനം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വെള്ളം എത്തിക്കുന്നതിനും ജലസേചന പദ്ധതികള്‍ ഫലപ്രദമാക്കുന്നതിനും പ്രാധാന്യം നല്‍കും. തമിഴ്നാട്ടില്‍ വ്യാപകമായി ഉപയോഗിക്കുന്ന തുള്ളിനന സംബന്ധിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കും. നാണ്യവിളകള്‍ക്ക് കൂടി ജലസേചനത്തിന് സൗകര്യമൊരുക്കുന്ന കാര്യം പരിഗണിക്കും. കുടിവെള്ള പദ്ധതികളിലേക്ക് ഡാമില്‍ നിന്നും വെള്ളം എത്തിക്കുമ്പോഴുണ്ടാകുന്ന ജലചോര്‍ച്ച തടയുന്നതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആരായും. കനാലിന്റെ ചില ഭാഗങ്ങളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സൂര്യപ്രകാശം ലഭ്യമായ സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഒറ്റക്കല്‍ ലുക്കൗട്ടില്‍ മൂന്ന് കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പിന്‍റെ കൂടി സഹകരണത്തോടെ മോടിപിടിപ്പിക്കും.തെന്മല ഡാമില്‍ ഭൂകമ്പമാപിനി സ്ഥാപിക്കുന്നതിന് കരാര്‍ ആയി. മുപ്പത് കോടി രൂപയാണ് ഭൂകമ്പമാപിനിയുടെ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ഡാമില്‍ നിന്നും എക്കലും മണ്ണും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. പൈലറ്റ് പദ്ധതിയായി രണ്ട് ഡാമുകളിലെ മണ്ണ് നീക്കം ആദ്യഘട്ടത്തില്‍ നടത്തും. അതിനുശേഷം മാത്രമേ തെന്മല ഡാമിലെ മണ്ണ് നീക്കത്തെക്കുറിച്ച് തീരുമാനിക്കാന്‍ സാധിക്കൂ. കനാലില്‍ മാലിന്യം ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം എല്‍ എമാരായ പി ടി എ റഹീം, കെ ജെ മാക്സി, ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍, പുനലൂര്‍ ആര്‍ ഡി ഒ ബി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.