കൊല്ലം: ക്ഷേത്രത്തിൽ കവർച്ച നടത്തിയ ശേഷം കടന്ന മോഷ്‌ടാവിനെ മണിക്കൂറുകൾക്കകം ഇരവിപുരം പൊലീസ് പിടികൂടി. നാവായിക്കുളം സ്വദേശി ഷഹാർ (30) ആണ് പിടിയിലായത്. ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
തട്ടാമല അഞ്ചു കോയിക്കൽ ശ്രീ ധർമശാസ്‌താ ക്ഷേത്രത്തിലെ ഉപദേവതകളുടെ ക്ഷേത്രങ്ങൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന നാലു വഞ്ചികൾ ഇയാൾ കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു. ക്ഷേത്രവളപ്പിലെ ശാന്തി മഠത്തിൽ താമസിച്ചിരുന്ന ക്ഷേത്രം ശാന്തി മോഷ്‌ടാവിനെ കണ്ടതിനെ തുടർന്ന് അടുത്ത വീട്ടുകാരെയും ക്ഷേത്രം ഭാരവാഹികളെയും വിവരം അറിയിക്കുകയായിരുന്നു. ആളുകൾ കൂടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു.
വിവരം ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ശേഷം നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ ആറ്റിങ്ങൽ സ്റ്റേഷനിൽ അഞ്ചു കേസുകൾ നിലവിലുണ്ട്. ഇരവിപുരം കാവൽപ്പുരയിലുള്ള ഒരു ആക്രിക്കടയിൽ പകൽ സമയം ജോലി നോക്കിയ ശേഷം രാത്രിയിലാണ് മോഷണത്തിനായി ഇറങ്ങുന്നതെന്ന് പൊലീസ് പറയുന്നു.
കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ അടുത്തിടെ നടന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ALSO READ:കൊല്ലത്ത് ക്ഷേത്ര മോഷണ പരമ്പര ; ഇടമന കാവിലും കവര്‍ച്ച