കൊല്ലം : ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെ മോഷ്‌ടാവ് പിടിയിൽ. കൊല്ലം തട്ടാമല മേപ്പാട്ട് മഹാഗണപതി ക്ഷേത്രത്തിലെ വഞ്ചിയും വിളക്കുകളും അപഹരിക്കുന്നതിനിടെയാണ് മോഷ്‌ടാവ് വലയിലായത്. തുടര്‍ന്ന് പൊലീസ് എത്തി ഉമയനെല്ലൂർ മൈലാപ്പൂർ കൊന്നൻവിള വീട്ടിൽ സുധീറിൻ്റെ മകൻ റിയാസ്(32)നെ അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ പൂട്ട് തകർത്ത് വഞ്ചിയും വിളക്കുകളും കവരാന്‍ ശ്രമിക്കുകയായിരുന്നു റിയാസ്.
രാത്രിയിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് വന്ന യുവാക്കൾ റോഡരികിൽ വഞ്ചിയും വിളക്കുകളും കണ്ടു. തുടര്‍ന്ന് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട റിയാസിനെ ചോദ്യം ചെയ്തു. എന്നാൽ ഇയാള്‍ ഓടി രക്ഷപെടാൻ ശ്രമിച്ചതോടെ പിന്‍തുടര്‍ന്ന് പിടികൂടി.
ശേഷം നാട്ടുകാർ ഇരവിപും പൊലീസിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു. ക്ഷേത്രത്തിലെ മറ്റൊരു വഞ്ചി കുത്തിപ്പൊളിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. മോഷണത്തിന് ഉപയോഗിച്ച ഹാൻഡ് സോ ബ്ലയിഡ്, സ്പാനർ എന്നിവ പൊലീസ് കണ്ടെത്തി.
തട്ടാമല കുളങ്ങര ബാലഭദ്രാദേവി ക്ഷേത്രത്തിൽ നിന്നും മൂന്ന് കിണ്ടികൾ മോഷ്ടിച്ചതിന് ശേഷമാണ് റിയാസ് മേപ്പാട്ട് ക്ഷേത്രത്തിലെത്തിയത്. ഇരവിപുരം എസ്.ഐ ദീപുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, ഫോറൻസിക് വിഭാഗവും, വിരലടയാള വിദഗ്‌ധരും ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു.
റിയാസ് കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.