കൊല്ലം: കൃഷിയിൽ നൂറുമേനി വിളവുമായി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ. നെല്ലിക്കുന്നം പൊൻമാനൂർ സ്വദേശികളായ ഷൈനിയും ടൈറ്റസുമാണ് സ്വന്തം അധ്വാനത്തിൽ കൃഷി ചെയ്തിരിക്കുന്നത്. പൊലീസ് വേഷവും തൊപ്പിയും അഴിച്ചുവെച്ചാലുടൻ കൃഷി ആയുധങ്ങളുമായി പാടത്തിറങ്ങിയപ്പോൾ വിളഞ്ഞത് നൂറുമേനി.
പ്രവാസജീവിതം മതിയാക്കി എത്തിയ ഭർത്താവ് ടൈറ്റസ് പത്തുവർഷമായി ഷൈനിയെ കൃഷിയിൽ സഹായിക്കുകയാണ്. ജൈവ വളത്തിൽ കൃഷി ചെയ്യുന്നതിനായി കൊട്ടാരക്കര കൃഷിവകുപ്പിന്‍റെ സഹായവുമുണ്ട്.
ചീര, വെണ്ട, പയർ, പടവലം ഇവയ്ക്കുപുറമേ നാലേക്കറിൽ റബ്ബർ കൃഷിയും ഇരുവരും ചേർന്ന് ചെയ്‌തുവരുന്നുണ്ട്. തുടർച്ചയായുള്ള ലോക്ക് ഡൗൺ ഡ്യൂട്ടിക്കിടയിലെ വിശ്രമ ദിനങ്ങൾ ഷൈനി കൃഷിഭൂമിയിൽ ചിലവഴിക്കുകയായിരുന്നു. മാനസികസംഘർഷം ഒഴിവാക്കുന്നതിനായി കൃഷി സഹായകരമാണെന്ന് ഷൈനി. സമീപത്തെ തരിശുനിലവും കൃഷിയോഗ്യമാക്കാനൊരുങ്ങുകയാണ് ഷൈനിയും കുടുംബവും.