കൊല്ലം: കാറിനുള്ളിൽ കുടുങ്ങിയ രണ്ടുവയസുകാരനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടിലിനെ തുടർന്ന് രക്ഷപെടുത്തി. കുണ്ടറ ആശുപത്രിമുക്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. രണ്ടു വയസുമാത്രം പ്രായമുള്ള കുഞ്ഞ് കാറിനുള്ളിൽ ശ്വാസം കിട്ടാതെ വെപ്രാളപ്പെടുന്നത് കണ്ട വഴിയാത്രക്കാർ കാറിന് ചുറ്റും തടിച്ചുകൂടി. കാറിന്‍റെ ഉടനസ്ഥനെ തിരക്കിയെങ്കിലും സമീപ പ്രദേശങ്ങളിലൊന്നും കാണാത്തതിനെ തുടർന്ന് കുണ്ടറയിലെ ആംബുലൻസ് ഡ്രൈവർ വിൻസെന്‍റ് കാറിന്‍റെ ചില്ല് തകർത്തു കുട്ടിയെ പുറത്തെടുത്തു.
കരഞ്ഞു അവശനിലയിലായ കുഞ്ഞിനെ സമീപത്തെ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചു. അരമണിക്കൂറിന് ശേഷം തിരികെ എത്തിയ കുട്ടിയുടെ പിതാവിന് നേരെ നാട്ടുകാർ തട്ടിക്കയറി. പൊലീസ് എത്തി മറ്റ് ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ ഏൽപിച്ച ശേഷം കന്യാകുഴി സ്വദേശിയായ പിതാവിനെ കസ്റ്റഡിയിൽ എടുത്തു.