കൊല്ലം: സീനിയർ വിദ്യാർഥികൾ അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ (സി.ഡബ്‌ളിയു.സി) നിന്ന് നീതി ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ്. സ്‌കൂൾ അധികൃതരും സിഡബ്ലുസിയും ഒത്ത് കളിക്കുകയാണെന്നാണ് കുട്ടിയുടെ പിതാവിന്‍റെ ആരോപണം. അതേസമയം സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ ജില്ല കലക്‌ടറോട് വിശദീകരണം തേടി.
കൊല്ലം തങ്കശേരിയിൽ പ്രവർത്തിക്കുന്ന ഇൻഫന്‍റ് ജീസസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെ 2022 ഒക്‌ടോബർ 21നാണ് സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. മർദന വിവരം സി.ഡബ്‌ളിയു.സിയേയും സ്‌കൂൾ അധികൃതരെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മാത്രമല്ല തന്‍റെ കുട്ടിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
കുട്ടി സ്വന്തമായി അടിച്ച് പരിക്കേൽപ്പിച്ചതാണ് എന്ന വിചിത്രമായ വാദമാണ് സി.ഡബ്‌ളിയു.സിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പിതാവ് ആരോപിച്ചു. സി.ഡബ്‌ളിയു.സിയുടെ കൗൺസിലിങ്ങിനെത്തിയപ്പോഴും മർദിച്ച കുട്ടികൾ ഭീഷണി മുഴക്കിയതോടെ തന്‍റെ മകന് പഠനം അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് പിതാവ് ദേശീയ ബാലാവകാശ കമ്മിഷന് നൽകിയ പരാതിയിലാണ് ജില്ല കലക്‌ടറോട് കമ്മിഷൻ വിശദീകരണം തേടിയിരിക്കുന്നത്.
തന്‍റെ മകന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും കുട്ടിയുടെ പിതാവ് വൃക്തമാക്കി അതെ സമയം കുട്ടിയുടെ പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾ സി.ഡബ്‌ളിയു.സിയും സ്‌കൂൾ അധികൃതരും നിഷേധിച്ചു.