കൊല്ലം: ഏത് നിമിഷവും കടല്‍ ഇരച്ചുകയറും. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കും. ഒപ്പം കളിച്ചു നടന്നവർ ഓൺലൈൻ ക്ലാസിന്‍റെ വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോൾ മൂന്നാം ക്ലാസുകാരനായ ഷാരോൺ കടലിന്‍റെ കനിവിനായി പ്രാർഥിക്കും. നാലു വയസുകാരനായ സഹോദരൻ ഷിമയോണിനെ ചേർത്തു പിടിച്ച് ഷാരോൺ സ്വപ്നം കാണുന്നത് പഠിച്ച് മിടുക്കൻമാരാകുന്നതിനെ കുറിച്ച് മാത്രമാണ്. കൂട്ടുകാരെ പോലെ ഇവർക്കും വേണം ഓൺലൈൻ ക്ലാസുകൾ.
കൊല്ലം ജില്ലയിലെ ഇരവിപുരം കാക്കത്തോപ്പില്‍ കൂലിപ്പണിക്കാരനായ വിനോദിന്‍റെയും അശ്വതിയുടേയും മക്കളാണ് ഷാരോണും ഷിമയോണും. കാക്കത്തോപ്പില്‍ തിരമാലകൾ ഉയർന്നുപൊങ്ങുമ്പോൾ എപ്പോൾ വേണമെങ്കിലും ഈ കുരുന്നുകളുടെ വീടും കടലിനോട് ചേരും. കാക്കത്തോപ്പിലെ നൂറകണക്കിന് വീടുകളുടെ സ്ഥിതിയാണിത്.
പാർശ്വ ഭിത്തി നിർമിക്കാത്തതിനെ തുടർന്ന് ഓരോ ദിവസവും കടൽ കരയിലേക്ക് കയറുകയാണ്. പുലിമുട്ട് നിർമാണം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും പണി എങ്ങുമെത്തിയില്ല. റോഡിന്‍റെ പകുതിയോളം കടലെടുത്തു. ഇനി വീടുകൾ കടലെടുക്കും. ഷാരോണിന്‍റെ മുത്തച്ഛൻ രാജുവിന് കടലിനെ പേടിയില്ല. പക്ഷേ കുഞ്ഞുങ്ങളെ ഓർത്ത് ആശങ്കയുണ്ട്. മഴക്കാലമെത്തുമ്പോൾ കടല്‍ കലിതുള്ളും. അപ്പോഴും ഷാരോൺ സ്വപ്നം കാണുന്നത് കടലെടുക്കാത്ത വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കുന്നതിനെ കുറിച്ചാണ്.