കൊല്ലം: പരവൂരിൽ കോളജ് വിദ്യാർഥികൾക്ക് നേരെ അമിത വേഗതയിൽ ബൈക്ക് ഓടിച്ച് കയറ്റി യുവാക്കളുടെ അതിക്രമം. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പരവൂർ ദയാബ്‌ജി ജങ്ഷനിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നിന്നിരുന്ന ആയിരവില്ലി യു.ഐ.ടി. കോളജിലെ വിദ്യാർഥികൾക്കിടയിലേക്കാണ് യുവാക്കൾ ബൈക്ക് ഇടിച്ച് കയറ്റിയത്. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്.
റോഡിന്‍റെ നടുവിൽ വച്ചായിരുന്നു അഭ്യാസ പ്രകടനം. യുവാക്കള്‍ പെൺകുട്ടികളെയടക്കം അസഭ്യം പറയുകയും ചെയ്‌തു. ബൈക്കിടിച്ച് കോളജിലെ അവസാന വർഷ വിദ്യാർഥികളായ ധനുഷ്, ദേവനാരായണൻ എന്നിവർക്ക് പരിക്കേറ്റു.
അതേസമയം സംഘത്തിലുണ്ടായിരുന്ന കൊച്ചാലുംമൂട് സ്വദേശി ആനന്ദിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.