കൊല്ലം: ആര്യങ്കാവിൽ 10,750 കിലോ പഴകിയ മത്സ്യം പിടികൂടി. ചീഞ്ഞതും പൂപ്പൽ ബാധിച്ചവയുമായിരുന്നു പിടിച്ചെടുത്ത മത്സ്യങ്ങൾ. കഴിഞ്ഞ ദിവസം രാത്രി ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂര മത്സ്യം പിടികൂടിയത്.
തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം ചെക്ക്‌പോസ്റ്റ് വഴി കൊണ്ടുവന്നത്. കേരളത്തിൽ ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ അടൂർ, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏജന്‍റുമാർക്ക് വിൽക്കുവാൻ ലക്ഷ്യമിട്ടായിരുന്നു പഴകിയ മത്സ്യം കൊണ്ടുവന്നത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.