കൊല്ലം: 169-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി ജില്ലയില്‍ വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. ശ്രീനാരായണ ധർമ്മ പരിപാലന യോഗം കൊല്ലം യൂണിയന്‍റെയും എസ്.എൻ ട്രസ്റ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടി മന്ത്രി കെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു. ജയന്തി ദിന സമ്മേളന സ്ഥലമായ ആർ.ശങ്കർ നഗറിൽ (കൊല്ലം ശ്രീനാരായണ കോളജ്) ആഘോഷ കമ്മിറ്റി ചെയർമാനും കൊല്ലം യൂണിയൻ പ്രസിഡന്‍റുമായ മോഹൻ ശങ്കർ പീതപതാക ഉയർത്തിയതോടുകൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
തുടര്‍ന്ന് സിംസ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്‌മൃതി മണ്ഡപത്തിൽ നിന്നും ഘോഷയാത്ര ആരംഭിച്ചു. ചിന്നക്കട, ഓവർ ബ്രിഡ്‌ജ്, റെയിൽവേ സ്റ്റേഷൻ, കോർപറേഷൻ ഓഫിസ്, റിസർവ് പൊലീസ് ക്യാമ്പ്, കന്‍റോൺമെന്‍റ് മൈതാനം എന്നിവയിലൂടെ കടന്ന് പോയ ഘോഷയാത്ര സമ്മേളന വേദിയായ ആർ.ശങ്കർ ജന്മ ശതാബ്‌ദി ഓഡിറ്റോറിയത്തില്‍ എത്തി. തുടര്‍ന്ന് ജയന്തി ആഘോഷ മഹാസമ്മേളനം ആരംഭിച്ചു.
കേരളത്തിന്‍റെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ ആത്മീയ മണ്ഡലങ്ങളിലെല്ലാം ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കിയ ആധുനിക കേരളത്തിന്‍റെ ശില്‍പിയാണ് ശ്രീനാരായണ ഗുരു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ കർമ്മയോഗം കൊണ്ട് നവീകരിച്ച ഋഷിയും കവിയും സമുദായോദ്ധാരകനുമായ ഗുരുദേവൻ പ്രകൃതിയുടെ അത്യ പൂർവമായ വരദാനമാണ്. ഭൗതികവും ആത്മീയവുമായ നീതി എല്ലാ മനുഷ്യർക്കും ലഭ്യമാക്കണമെന്ന നിർബന്ധമാണ് ഗുരുദേവന്‍റെ ധർമ്മ സങ്കൽപ്പത്തിലുളളത്.
മതസംഘടനകളും, വംശീയ പ്രസ്ഥാനങ്ങളും പരസ്‌പരം വാളോങ്ങി നിൽക്കുന്ന വർത്തമാന കാലത്ത് “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദേവന്‍റെ വാക്കുകള്‍ വിപുലമായ അർഥ ധ്വനികൾ ഉൾക്കൊളളുന്നവയാണ്. എത്രയോ നൂറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തെ ജാതീയമായി ജീർണിപ്പിച്ച വേദാന്തമല്ല ശ്രീനാരായണ ഗുരുവിന്‍റേത്. മനുഷ്യനെ മനുഷ്യന് മുന്നിൽ തുല്യനാക്കി തീർത്തു ശ്രീനാരായണ ഗുരു. ഇന്നും ലോകത്തിന് മുന്നില്‍ വിമോചന ശാസ്ത്രമായി നിലക്കൊള്ളുന്നതാണ് അദ്ദേഹത്തിന്‍റെ ധര്‍മ്മ സങ്കല്‍പ്പം.