കൊല്ലം: കൊവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട് സ്പ്രിംഗ്ലറുമായി സർക്കാർ ഉണ്ടാക്കിയ കരാർ കലാവധി ഇന്ന് അവസാനിക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരാർ പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം. ആറു മാസം സൗജന്യമെന്നായിരുന്നു കരാർ. അതിനു ശേഷം കൊവിഡിന്‍റെ സാഹചര്യം പരിഗണിച്ച് ആവശ്യമെങ്കിൽ കരാർ പുതുക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ ആറു മാസക്കാലയളവിൽ ഒരു തവണ പോലും കൊവിഡ് പ്രതിരോധത്തിനായി സോഫ്റ്റ് വെയർ ഉപയോഗിച്ചിട്ടില്ല. കരാർ വിവാദമായതോടെ ചുമതല ഏറ്റെടുത്ത സി.ഡിറ്റും സോഫ്റ്റ് വെയർ ഉപയോഗിക്കാൻ തയ്യാറായില്ല.
മാർച്ച് 24 മുതൽ ആറു മാസമോ കൊവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെയോ ആയിരുന്നു കരാറിന്‍റെ കാലാവധി. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പർച്ചേസ് ഓർഡർ ഏപ്രിൽ രണ്ടിനും സ്പ്രിംഗ്ലറിന് നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സ്പ്രിംഗ്ലർ കരാറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ഡേറ്റയുടെ സുരക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്താൻ സർക്കാർ നിർബന്ധിതമായി.