കൊല്ലം: നൂറോളം കരകൗശല വസ്‌തുക്കൾ നിർമിച്ച് വാർദ്ധക്യത്തിലും താരമാവുകയാണ് കരിക്കോട് സ്വദേശിയായ 86കാരന്‍ ജി ശിവരാമ പിള്ള. കൊവിഡ് ബാധിച്ച് ഒന്നര മാസത്തോളം വിശ്രമിക്കേണ്ടി വന്നെങ്കിലും തന്‍റെ സൃഷ്‌ടി വൈഭവത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് പുതിയ സൃഷ്‌ടികളിലൂടെ തെളിയിക്കുകയാണ് ശിവരാമ പിള്ള. ടികെഎം എഞ്ചിനീയറിങ് കോളജിൽ നിന്ന് 1990ൽ ലാബ് ടെക്‌നീഷ്യനായി വിരമിച്ച അദ്ദേഹം ഇപ്പോൾ ചിരട്ട ഉപയോഗിച്ച് കരകൗശല വസ്‌തുക്കൾ നിർമ്മിക്കുകയാണ്.
ആദ്യം താമരയായിരുന്നു നിർമിച്ചത്. പിന്നീട് നൂറിലധികം വ്യത്യസ്‌തങ്ങളായ കരകൗശല വസ്‌തുക്കൾ നിർമിച്ചു. ആൽമരം, മയിൽ, മുതല, ആന, വള്ളവും വള്ളക്കാരനും, ആമ, തൂക്കുവിളക്ക്, കിണ്ടി, പലതരത്തിലുള്ള നിലവിളക്കുകൾ, അമ്പല മണി, മൊബൈൽ സ്റ്റാൻഡുകൾ, പെൻ സ്റ്റാൻഡുകൾ, ചെടികൾ തുടങ്ങി വിവിധങ്ങളായ ഒട്ടേറെ കരകൗശല വസ്‌തുക്കളാണ് അദ്ദേഹം നിര്‍മിച്ചത്. മൂന്ന് മാസം മുതൽ ഒന്നര വർഷം വരെ എടുത്താണ് ശിവരാമ പിള്ള പല സൃഷ്‌ടികളും പൂർത്തിയാക്കിയത്. താങ്ങും തണലുമായിരുന്ന വേർപിരിഞ്ഞ പ്രിയതമക്ക് സമർപ്പിച്ച ആൽമരത്തിന്‍റെ നിര്‍മാണം പൂർത്തിയാക്കാൻ ഒന്നര വർഷത്തോളം എടുത്തു. ആനയുടെ തുമ്പിക്കൈയും കാലുകളും വിളക്കിന്‍റെ ദണ്ഡുകളും ചങ്ങലകളും പക്ഷിക്കാലുകളും പൂർണമായും ചിരട്ടയിലാണ് നിർമ്മിച്ചതെന്ന വസ്‌തുത അവിശ്വസനീയമാണ്.
ഇവയുടെ നിർമാണത്തിന് ചിരട്ടയും ചിരട്ട പൊടിയുമല്ലാതെ ആശ്രയിക്കുന്ന ഏക വസ്‌തു ഒട്ടിക്കാനുള്ള പശ മാത്രമാണ്. ചിരട്ടയോടൊപ്പം തടിയും ഇരുമ്പും ഉപയോഗിച്ചുള്ള കരകൗശല വസ്‌തുക്കൾ വിപണിയിൽ ധാരാളമായി കാണാറുണ്ടെങ്കിലും ചിരട്ട മാത്രം ഉപയോഗിച്ചുള്ള കര കൗശല നിർമാണം അത്യന്തം ശ്രമകരമായതും അപൂർവ്വവുമാണ്. കലാകാരന്‍ എന്നതിലുപരി യോഗി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ മൂന്ന് മക്കളും കലാസൃഷ്‌ടികളില്‍ പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.