കൊല്ലം : വനിത കമ്മിഷന്‍ അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലെന്ന് ഷാഹിദ കമാൽ. സ്‌ത്രീകൾക്കിടയിൽ പ്രവർത്തിച്ച പരിചയമുണ്ടെന്നും അതുകൊണ്ടാണ് സർക്കാർ തന്നെ നിയമിച്ചതെന്നും അവര്‍ പറഞ്ഞു. ചില മാധ്യമങ്ങൾ വ്യാജവാർത്തയിലൂടെ തന്നെ തകർക്കാൻ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു.
പത്തുവർഷം മുൻപ് തെരഞ്ഞെടുപ്പ് സമയത്ത് കൊടുത്ത നാമനിർദേശ പത്രികയിലെ പിഴവാണ് വിവാദമാക്കിയത്. പല സ്ഥാനാർഥികളുടേയും സത്യവാങ്മൂലം പരിശോധിച്ചാൽ പിഴവുകൾ വ്യക്തമാകും. മൂന്ന് മാസത്തിനിടെ 36 വാർത്തകള്‍ വന്നു. കോടതി പറഞ്ഞ ദിവസം തന്നെ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കി. അത് പരിശോധിച്ച് കോടതിക്ക് ബോധ്യപ്പെട്ടു.
ഒരു അജണ്ട നടക്കുന്നുണ്ടെന്നും വേട്ടയാടപ്പെടാന്‍ പോകുന്നവരുടെ പട്ടികയില്‍ മൂന്നാമത്തെ പേര് തന്‍റേതാണെന്നും ഒരു വർഷം മുൻപ് സൂചന ലഭിച്ചിരുന്നു. ആ പട്ടികയില്‍ ഒന്നാമത്തെ പേരുകാരൻ കെ ടി ജലീൽ ആയിരുന്നുവെന്നും ഷാഹിദ കമാല്‍ പറഞ്ഞു. യു ഡി എഫിൽ നിന്ന് സി പി എമ്മിലേക്ക് വരുന്ന മുസ്‌ലിം വിശ്വാസികളെ വേട്ടയാടാനാണ് പട്ടിക തയ്യാറാക്കിയത്.
ALSO READ: ബസ് ചാർജ് കൂടും ; എത്രയെന്നത് ചർച്ചയ്ക്കുശേഷമെന്ന് ആന്‍റണി രാജു
തേജോവധം ചെയ്യുകയാണ് അജണ്ട തയ്യാറാക്കിയവരുടെ ലക്ഷ്യം. ചില വിവരങ്ങൾ കൂടി അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അജണ്ടക്ക് പിന്നിൽ രാഷ്‌ട്രീയ പാർട്ടികളാണോ മത സംഘടനകളാണോ കോർപ്പറേറ്റുകളാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
സർട്ടിഫിക്കറ്റുകള്‍ യഥാര്‍ഥമാണെന്ന് ലോകായുക്തയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ബികോം പൂർത്തിയാക്കിയത് 2016 ലാണ്. ബിരുദം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ്.
അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിജി നേടി. ഡോക്‌ടർ ഓഫ് ഫിലോസഫി ലഭിച്ചത് കസഖിസ്ഥാനിൽ നിന്നുമാണ്. പദവി നൽകിയ ചടങ്ങ് നടന്നത് വിയറ്റ്നാമിലാണെന്നും ഷാഹിദ പറഞ്ഞു.