കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. "മതനിരപേക്ഷ രാഷ്ട്രത്തിന് കരുത്താവുക" എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിന്നകട ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ 24 മണിക്കൂർ ധർണ സമരം തുടങ്ങി. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക്ക് സി. തോമസ് ധർണ ഉദ്‌ഘാടനം ചെയ്തു.
ഇന്ത്യൻ ദേശീയതയെ ബ്രിട്ടീഷുകാർക്ക് ഒറ്റു കൊടുത്തവരാണ് ഇന്ന് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ രേഖ ചോദിക്കുന്നതെന്ന് ജെയ്ക്ക് സി. തോമസ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ കെ.എൻ ബാലഗോപാൽ, സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം. അരുൺ തുടങ്ങിയവർ സമരത്തെ അഭിവാദ്യം അർപ്പിച്ചു.