കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്‌മി പ്രമോദിന് ഇടക്കാല ജാമ്യം. ഒക്‌ടോബർ ആറ് വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. ആത്മഹത്യയിൽ ഇവർക്ക് പങ്കുണ്ടെന്ന് നേരത്തേ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ മാസം മൂന്നിനാണ് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് റംസി ആത്മഹത്യ ചെയ്‌തത്. തുടർന്ന് കാമുകനായ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഹാരിസിന്‍റെ വീട്ടുകാർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന ആരോപണവുമായി റംസിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയതോടെയാണ് ഹാരിസിന്‍റെ ബന്ധുകൂടിയായ സീരിയൽ നടി ലക്ഷ്‌മി പ്രമോദ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കൊല്ലം സെഷൻസ് കോടതിയാണ് ഇവർക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഇവർക്ക് ആത്മഹത്യയിൽ പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സീരിയൽ ഷൂട്ടിംഗിനായി ആറ് വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഹാരിസിന്‍റെ വീട്ടുകാരെ പ്രതിപട്ടികയിൽ ചേർക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് റംസിയുടെ കുടുംബം.