കൊല്ലം : കൊവിഡ് പശ്ചാത്തലത്തിൽ കുരുന്നുകൾക്ക് ഇക്കുറിയും പ്രവേശനോത്സവം ഓൺലൈനില്‍. കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങൾ കൊല്ലം ജില്ലയിലെ വിദ്യാലയങ്ങളിൽ വിതരണം ചെയ്യാന്‍ തുടങ്ങി. രക്ഷിതാക്കൾ എത്തി പാഠപുസ്തകങ്ങൾ വാങ്ങി. ജൂൺ ഒന്നിന് മൂന്ന് ഘട്ടമായാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷമാണ് സ്കൂള്‍ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിക്കുന്നത്.
കൊല്ലം ജില്ലയിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ചിഞ്ചുറാണി എന്നിവരുടെ ആശംസ വീഡിയോ ഓൺലൈനായി സംപ്രേഷണം ചെയ്യും.തുടർന്ന് ക്ലാസ് തല പരിപാടി നടക്കും. ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികൾക്ക് ആവേശം പകരാൻ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികൾ അവതരിപ്പിക്കുന്നത് സംപ്രേഷണം ചെയ്യും. അതിനുള്ള തയ്യാറെടുപ്പുകള്‍ പൂർത്തിയായി. മിക്ക സ്കൂളുകളിലും കുട്ടികളുടെ പാട്ടും കഥ പറയലും റെക്കോഡ് ചെയ്ത് സജ്ജമാക്കിയിട്ടുണ്ട്.
also read: അക്ഷരയ്ക്കും അനന്തുവിനും തൊഴില്‍ വേണം, ഒടുങ്ങാത്ത അവഗണനയിലും ജീവിതം കരുപ്പിടിപ്പിക്കാന്‍
ഇക്കുറി 9000ത്തിലധികം കുട്ടികളാണ് കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ എത്തിയത്. മുഖ്യമന്ത്രിയുടെ ആശംസ കത്ത് കുട്ടികളിലെത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാർഡ് പ്രതിനിധി, ജാഗ്രത സമിതി അംഗങ്ങൾ, പി.ടി.എ എന്നിവയുടെ സഹായത്തോടെയാണ് കുട്ടികളിൽ സന്ദേശം എത്തിക്കുക. ജില്ലയിലെ ചില സ്കൂളുകളില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് അക്ഷരദീപം തെളിയിക്കും. ഇത് ഓൺലൈനായി വിദ്യാർഥികളെ കാണിക്കും.