കൊല്ലം: മത്സരിക്കാൻ സീറ്റ് നഷ്‌ടമായവർക്ക് മാതൃകയായിരിക്കുകയാണ് കൊട്ടാരക്കര സ്വദേശി സജി ചേരൂർ. അടുത്ത തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിനായി ഇപ്പോഴേ വോട്ട് ചോദിച്ചിറങ്ങിയിരിക്കുകയാണ് സജി. സ്ഥനാർഥികളെ പോലെ അഭ്യർഥനകൾ അച്ചടിച്ചു നൽകിയും വോട്ട് അഭ്യർത്ഥിച്ചും സന്തോഷം പങ്കിടുകയാണ് ഈ നേതാവ്. കൊട്ടാരക്കര നഗരസഭയിലെ തോട്ടമുക്ക് പതിനാലാം വാർഡിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന സജിക്ക് അവസരം നഷ്ടമായതോടെയാണ് അടുത്ത തെരെഞ്ഞെടുപ്പിനായി ഇപ്പോഴേ വോട്ട് ചോദിച്ചിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മുപ്പതു വർഷമായി വാർഡിലെ സജീവ സിപിഐ പ്രവർത്തകനാണ് സജി.വിമതനായി മത്സരിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പാർട്ടിക്കെതിരെ നിൽക്കാൻ സജി തയ്യാറല്ല. 2020 ൽ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സജി 2015 ൽ പോസ്റ്ററുകൾ പതിച്ചിരുന്നു.
വനിതാ സംവരണമായതിനാൽ അന്ന് മത്സരിക്കാൻ സാധിച്ചില്ല. ഇപ്പോൾ വാർഡ് ജനറലായെങ്കിലും പാർട്ടിയിലെ പ്രമുഖന് മത്സരിക്കാനായി ഒഴിഞ്ഞു നൽകുകയും ചെയ്തു.തന്‍റെ തെരഞ്ഞെടുപ്പ് മോഹങ്ങൾ പൂവണിയുന്നതിനായി വീണ്ടും അഞ്ചുവർഷം കാത്തിരിക്കാൻ തയാറാണെന്ന് പറഞ്ഞാണ് സജിയുടെ ഇപ്പോഴുള്ള പ്രവർത്തനം.