കൊല്ലം: ആയൂര്‍ കൊട്ടാരക്കര കമ്പംകോട് പാറ ക്രഷര്‍ യൂണിറ്റില്‍ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്വകാര്യ വ്യക്തിയുടെ പേരിലുള്ള സ്റ്റാര്‍ ക്രഷര്‍ യൂണിറ്റിലാണ് ഇന്നലെ അപകടം ഉണ്ടായത്. കൊല്ലം കരിക്കോട് ഖരീം മന്‍സിലില്‍ തൗഫീക്ക് (25), അസം ഗോളാര്‍ഗട്ട് സ്വദേശി നുവാന്‍ ലെക്ര (25) എന്നിവരാണ് മരിച്ചത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറ ഇളക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 45 അടിയോളം ഉയരത്തില്‍ നിന്നും കൂറ്റന്‍ പാറക്കെട്ടുകള്‍ ഇവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുള്ളവര്‍ എത്തിയങ്കിലും പാറകള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് കൊട്ടാരക്കരയില്‍ നിന്നും അഗ്നിശമന സേനയും പൊലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊട്ടാരക്കര ഡിവൈഎസ്‌പി നാസറുദ്ദീന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുകുമാര്‍, പുനലൂര്‍ ആര്‍ഡിഒ ബി.ശശികുമാര്‍, കൊട്ടാരക്കര തഹസീല്‍ദാര്‍ തുളസീധരന്‍ പിള്ള എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ക്രഷര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം നിയമ വിധേയമാണോ എന്ന പരിശോധനകള്‍ നടന്ന് വരികയാണ്.