കൊല്ലം: സൂപ്പർ സ്പ്രെഡ് ഭീതിയിലുള്ള കൊട്ടാരക്കര നഗരസഭയുടെ മുസ്‌ലിം സ്ട്രീറ്റ് വാർഡിൽ നിരീക്ഷണം കർശനമാക്കി. കൊട്ടാരക്കരയിൽ രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ തലച്ചിറ ഉൾപ്പെടുന്ന പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. കൊട്ടാരക്കര മേഖലയിലെ രോഗ വ്യാപനമുണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളിലെ ചെറുറോഡുകളും കോളനികളും അടച്ചു. തലച്ചിറയുടെ വിവിധ മേഖലകളിലും സഞ്ചാരം നിരോധിച്ചു.
കൊട്ടാരക്കരയിൽ രോഗികളില്ലാതിരുന്ന പ്രദേശങ്ങളിലും പോസിറ്റിവ് കേസുകൾ കണ്ടെത്തുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. അഞ്ച് ദിവസങ്ങൾക്കുള്ളിൽ വെട്ടിക്കവല പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. ചടയമംഗലത്ത് നിന്നും മത്സ്യമൊത്ത വ്യാപാര കേന്ദ്രത്തിൽ നിന്നുമാണ് ഇവിടെ കൂടുതൽ പേരിലേക്ക് രോഗം എത്തിയത്. കൊട്ടാരക്കര നഗരസഭയിലെ ഒന്നാം വാർഡിൽ 471 പേരുടെ സ്രവ പരിശോധനയിൽ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗികൾ 39 ആയി ഉയർന്നു. അവണൂർ മുസ്ലീം സ്ട്രീറ്റ് സ്ഥലങ്ങളിൽ സ്ഥിതിഗതികൾ അതിസങ്കീർണമെന്നാണ് ഡിഎം ഓഫീസിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്‍റെ കണ്ടെത്തൽ. ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വഴി റാപ്പിഡ് ടെസ്റ്റുകൾ നടത്താനും അധികൃതർ തയ്യാറെടുക്കുന്നുണ്ട്.