കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ വ്യത്യസ്‌ത കേസുകളിലായി രണ്ട് പേരിൽ നിന്ന് 97 കുപ്പി വിദേശമദ്യം പിടികൂടി. ബെംഗളൂരില്‍ ജോലി ചെയ്യുന്ന സൈനികനായ ആറ്റിങ്ങൽ സ്വദേശി അമൽ, ഐടി ജീവനക്കാരനായ കഴക്കൂട്ടം സ്വദേശി അനിൽകുമാർ എന്നിവരാണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്.
പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ 11.30 ന് ബംഗളൂരു-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന അമലിന്‍റെ ബാഗിൽ നിന്ന് വിവിധ ബ്രാൻഡുകളിലുള്ള 60 കുപ്പികൾ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് പ്ലാറ്റ്‌ഫോമിൽ ഉച്ചയ്ക്ക് ഒന്നിന് നടത്തിയ പരിശോധനയിലാണ് 37 കുപ്പികളുമായി അനിൽകുമാർ പിടിയിലാകുന്നത്. രണ്ട് പേരിൽ നിന്നുമായി 64 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്.
കർണാടകയിൽ വില്‍പ്പനാനുമതിയുള്ള കുപ്പികളാണ് കണ്ടെടുത്തതെങ്കിലും വ്യാജമദ്യമാണോയെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: ആൾത്താമാസമില്ലാത്ത വീട്ടിൽ നിന്നും 30 ലിറ്റർ കോട പിടിച്ചു