കൊല്ലം: അയല്‍വാസിയെ ആയുധവുമായി വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുനലൂർ വിളക്കുവട്ടം സ്വദേശി സുമേഷ് (19) ആണ് പിടിയിലായത്. പ്രതിയുടെ വീട്ടില്‍ നടന്ന മരണാനന്തര ചടങ്ങില്‍ ബെംഗളൂരുവില്‍ നിന്ന് ബന്ധുക്കള്‍ എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സന്ദര്‍ശനത്തെ കുറിച്ച് വിവരം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ സുമേഷിന്‍റെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.
സുമേഷിന്‍റെ മർദനമേറ്റ അയൽവാസി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് പുനലൂർ പൊലീസിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു .