കൊല്ലം: മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍റെ ആത്മകഥയിലെ തുറന്നുപറച്ചിലില്‍ പ്രതികരണവുമായി ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള. സോളാർ കേസില്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് എഴുതാന്‍ ജസ്റ്റിസ് ശിവരാജന്‍ അഞ്ചുകോടി നല്‍കിയെന്ന് സി ദിവാകരൻ എഴുതിയതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കണം. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് കൊല്ലത്ത് സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കവെ ശ്രീധരൻപിള്ള പറഞ്ഞു.
ഈ ആത്മകഥയിൽ പറയുന്നത് സത്യമാണെങ്കിൽ മലയാളികൾ വിഡ്ഢികളാവുകയായിരുന്നോ?. വെളിപ്പെടുത്തൽ ചെറിയ കാര്യമല്ല. വ്യക്തിഹത്യ ആരെക്കുറിച്ച് ആയാലും കുത്തിക്കൊല്ലുന്നതിനേക്കാൾ ദോഷകരമാണ്. ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ ഒരാൾ പ്രതിക്കൂട്ടിൽ അകപ്പെട്ടാൽ അവർക്കും അവരുടെ ബന്ധുക്കൾക്കും വിഷമം ഉണ്ടാവും. ഇങ്ങനെയാണെങ്കിൽ എവിടെയാണ് നീതി ലഭിക്കുക.
ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്ന് എല്ലാവരും ചിന്തിക്കണം. സോളാർ കമ്മിഷന്‍റെ പേരെടുത്തു പറയാതെയായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം. കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ ബജറ്റിൽ അവതരിപ്പിക്കുന്ന സർക്കാരിൻ്റെ വരുമാനത്തേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നത് വിദേശ പ്രവാസികളിൽ നിന്നാണ്. കേരളത്തിലെ ഏറ്റവും നല്ല മന്ത്രിക്കുള്ള ഫോമ അവാർഡ് ചടങ്ങിൽ ഭക്ഷ്യമന്ത്രി ജിആർ അനിലിന് ഗവർണർ സമ്മാനിച്ചു
'ജുഡീഷ്യല്‍ കമ്മിഷന്‍റെ വിശ്വസ്‌തത ആശങ്കയിലാക്കുന്നു': സോളാർ വിവാദത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മുൻ മന്ത്രി കെസി ജോസഫ്. സി ദിവാകരന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കെസി ജോസഫ് ഇന്ന് ആവശ്യമുന്നയിച്ചത്. സോളാർ കേസ് കെട്ടിച്ചമച്ചതാണെന്ന സംശയം നേരത്തെ തങ്ങൾക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
READ MORE | 'സോളാർ വിവാദത്തിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണം'; 5 കോടി കൈക്കൂലി ആരോപണം ഞെട്ടിക്കുന്നതെന്നും കെസി ജോസഫ്
സോളാർ കേസിലെ റിപ്പോർട്ട് എഴുതാൻ ജസ്റ്റിസ് ശിവരാജന് അഞ്ച് കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഈ ആരോപണം ജുഡീഷ്യല്‍ കമ്മിഷനുകളുടെ വിശ്വസ്‌തത ആശങ്കയിലേക്ക് നയിക്കുന്നതാണ്. കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കാൻ ജസ്റ്റിസ് ശിവരാജന് കൈക്കൂലി നൽകിയത് ആരാണെന്നും, ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെല്ലാം ഉണ്ടെന്ന സംശയം കേരള സമൂഹത്തിന് ഉണ്ടെന്നും കെസി ജോസഫ് വ്യക്തമാക്കി.
ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്‍റെ ഗുണഭോക്താക്കൾ ഇടതുപക്ഷ മുന്നണിയും പിണറായി വിജയനും ആണ്. കൈക്കൂലി ആരോപണം സംബന്ധിച്ച് നിഷ്‌പക്ഷമായ അന്വേഷണം നടത്തണം. സി ദിവാകരന്‍റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് സിപിഐക്കും സിപിഎമ്മിനും എന്താണ് പറയാനുള്ളതെന്നും കെസി ജോസഫ് ചോദിച്ചു. ഉമ്മൻചാണ്ടിയുടെ നിരപരാധിത്വം എന്നും കേരളത്തിന് ബോധ്യമായ കാര്യമാണ്. ഉമ്മൻചാണ്ടിക്ക് ചതിക്കുഴി തീർത്തത് ആരെല്ലാമാണെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അത് അധമ റിപ്പോര്‍ട്ടെന്ന് സി ദിവാകരന്‍: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അധമ റിപ്പോര്‍ട്ടെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. നിയമസഭയില്‍ വയ്ക്കാന്‍ പോലും കഴിയാത്ത റിപ്പോര്‍ട്ടാണത്. സരിത എസ് നായരുടെ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി മാത്രമാണ് അന്വേഷിക്കാന്‍ കമ്മിഷനോട് പറഞ്ഞത്. എന്നാല്‍ അതൊന്നുമല്ല എഴുതിവച്ചിരിക്കുന്നതെന്നും അദ്ദേഹം ആത്മകഥയില്‍ കുറ്റപ്പെടുത്തി.