കൊല്ലം: കുണ്ടറ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ. കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായാണ് പോസ്റ്റുകൾ പതിച്ചിരിക്കുന്നത്. കുണ്ടറ സീറ്റ് ബിഡിജെഎസിന് നൽകിയതിൽ വലിയ പ്രതിഷേധമാണ് ബിജെപി പ്രവർത്തകരിൽ നിന്നും ഉയർന്നു വരുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി സ്ഥാനാർഥിയുടെ പ്രചാരണ പരിപാടിയിൽ നിന്നും ബിജെപി നേതാക്കന്മാരും പ്രവർത്തകരും വിട്ടുനിൽക്കുകയാണ്. ഇതിനു പുറമേയാണ് കുണ്ടറയുടെ വിവിധ മേഖലകളിൽ ബിഡിജെഎസിന് എതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 34000 വോട്ടുകൾ ലഭിച്ച എക്ലാസ് മണ്ഡലമാണ് കുണ്ടറ. എന്നിട്ടും വിരലിലെണ്ണാവുന്ന അംഗങ്ങൾ പോലും ഇല്ലാത്ത ബിഡിജെഎസിന് ഇത്തവണ സീറ്റ് നൽകിയതിൽ പ്രവർത്തകർ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും പോസ്റ്ററിൽ പറയുന്നു. 'ബിജെപിക്ക് കുണ്ടറ വേണം' എന്ന വാചകത്തോടെയാണ് പോസ്റ്റർ അവസാനിക്കുന്നത്.
കുണ്ടറ സീറ്റ് ബിജെപി ജില്ലാ പ്രസിഡന്‍റ് വിറ്റു എന്ന ആരോപണം പാർട്ടിക്കുള്ളിൽ ശക്തമാണ്. ഇതിനുപുറമേ ജില്ലാ പ്രസിഡന്‍റ് ബി ബി ഗോപകുമാർ ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. ഗോപകുമാർ മത്സരിക്കുന്ന ചാത്തന്നൂരിൽ വിമത സ്ഥാനാർഥിയാകുമെന്ന സൂചനകളും നിലനിൽകുന്നു.