കൊല്ലം: കൊല്ലം ജില്ലയിലെ വിളക്കുടി പഞ്ചായത്ത് മുന്‍ ഭരണസമിതി പാറ ഖനനത്തിന് അനുമതി നൽകിയത് ക്വാറി മാഫിയയ്‌ക്കെന്ന് ആരോപണം. ഖനനത്തിനുള്ള ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് UDF നേതൃത്വത്തിലള്ള നിലവിലെ ഭരണസമിതിയുടെ തീരുമാനം. പാർട്ടിയിലോ മുന്നണിയിലോ കൂടിയാലോചിക്കാതെ ഖനനാനുമതി നൽകിയ മുൻ ഭരണ സമിതിയ്ക്കെതിരെ സി പി എം അന്വേഷണകമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
വിളക്കുടി പഞ്ചായത്തിൽ പതിനാലാം വാർഡിലെ കോലിഞ്ചി മലയിൽ 48 ഏക്കറോളം ഭൂമിയിൽ പാറ ഖനനത്തിന് രണ്ടുവർഷം മുമ്പാണ് അന്നത്തെ എൽഡിഎഫ് ഭരണ സമിതി അനുമതി നൽകിയത്.
ലൈസൻസ് കാലാവധി തീരാൻ ഒരുവർഷം മാത്രം ബാക്കിനിൽക്കെ കോടികൾ വിലവരുന്ന യന്ത്രസാമഗ്രികൾ ഖനനത്തിനായി മലയിൽ എത്തിച്ചതോടെയാണ് നാട്ടുകാരും നിലവിലെ ഭരണ സമിതിയുമെല്ലാം സംഗതി അറിഞ്ഞത്. ഇതിനിടെ മലയിലെ ഭൂരിഭാഗം വസ്തുക്കളും കമ്പനി വില നൽകി സ്വന്തമാക്കി. മുൻ ഭരണസമിതിയുടെ നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി നിലവിലെ യുഡിഎഫ് ഭരണസമിതിയും കോൺഗ്രസും രംഗത്തെത്തി കഴിഞ്ഞു.
നിലവിലെ ചുമട്ടു തൊഴിലാളികൾ ക്വാറിയിൽ ജോലിയിൽ പ്രവേശിക്കരുതെന്ന കരാർ ഉണ്ടാക്കിയതാണ് സിപിഎമ്മിനുള്ളില്‍ പ്രതിഷേധത്തിന് കാരണമായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഏരിയ സെക്രട്ടറിയും അടങ്ങുന്ന അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി.
സിപിഐയിലും എതിർപ്പ് പുകയുകയാണ്. ഖനനം ആരംഭിച്ചാൽ മറ്റൊരു കവളപ്പാറയായി ഇവിടം മാറാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന ഭീതിയിലാണ് നാട്ടുകാർ.വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇവര്‍.
ALSO READ: കൊല്ലത്ത് ഇത്തിക്കരയിൽ കൊച്ചു പാലത്തിന്‍റെ താഴെ നിന്നും അസ്ഥികൾ കണ്ടെത്തി