കൊല്ലം : ഫോൺ വിളി വിവാദത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ പ്രതിഷേധ സമരങ്ങളുമായി പ്രതിപക്ഷ യുവജന സംഘടനകൾ. എംഎൽഎയുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.
കൊല്ലം നഗരത്തിലും പ്രതിഷേധ പ്രകടനം നടന്നു. അതേ സമയം തനിക്ക് വരുന്ന പല ഫോൺ കോളുകളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് മുകേഷ് പരാതി നൽകും.
ഫേസ്ബുക്കിലൂടെ മുകേഷ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും, വിദ്യാർഥിയെ അപഹസിച്ചെന്നാരോപിച്ച് എംഎൽഎയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ യുവജന - വിദ്യാർഥി സംഘടനകൾ ഉയര്‍ത്തുന്നത്.
മുകേഷിന്‍റെ ഓഫിസിലേക്ക് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ പൊലീസ് തടഞ്ഞത് ഉന്തിനും തള്ളിനും ഇടയാക്കി.സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
also read: മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്
ചിന്നക്കടയിലും മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായി. അതേസമയം എംഎൽഎയെ കുടുക്കാൻ പ്രകോപനപരമായ രീതിയിലുള്ള നിരവധി കോളുകൾ പലപ്പോഴായി എത്തുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.