കൊല്ലം: ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2 പേർ രോഗവിമുക്തരായി. ഖത്തറിൽ നിന്നെത്തിയ നിലമേൽ സ്വദേശിയായ ഗർഭിണിക്കും, നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഓയൂർ സ്വദേശിയായ യുവാവിനുമാണ് രോഗം ഭേദമായത്. ഇന്നലെ ലഭിച്ച പരിശോധനഫലവും നെഗറ്റീവ് ആയതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്‌തത്. മൂന്നരയോടെ ഇരുവരും വീട്ടിലേക്ക് മടങ്ങി.
14 ദിവസത്തെ ചികിത്സയിലാണ് ഗർഭിണിക്ക് രോഗം മാറിയത്. യുവാവിന് 10 ദിവസത്തെ ചികിത്സയിലാണ് രോഗം ഭേദമായത്. രോഗമുക്തി നേടിയെങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം ഇവർ 28 ദിവസം ഗൃഹനിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഗർഭസ്ഥശിശുവിന് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കൊവിഡ് - 19 ബാധിതരായി 5 പേരാണ് കൊല്ലം ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.