കൊല്ലം: കൊല്ലം കോർപ്പറേഷൻ മേയറായി എൽ.ഡി.എഫിലെ പ്രസന്ന ഏണസ്റ്റ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. സി.പി.ഐയിലെ കൊല്ലം മധു ഡെപ്യൂട്ടി മേയറാകും. 2000 മുതൽ തുടർച്ചയായി അഞ്ചാം തവണയാണ് എൽ.ഡി.എഫ് ഭരണ സാരഥ്യത്തിലെത്തുന്നത്. മേയറായി തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ പ്രസന്ന ഏണസ്റ്റിന് ജില്ലാ കലക്‌ടർ അബ്‌ദുൾ നാസർ സത്യവാചകം ചൊല്ലി കൊടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വരണാധികാരി അബ്‌ദുൾ നാസറിൻ്റെ മേൽനോട്ടത്തിലാണ് മേയറെ തെരെഞ്ഞെടുക്കുന്നതിനുള്ള വോട്ടിങ് നടന്നത്.
മേയർ സ്ഥാനാർഥി സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റിന് 39 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫിൻ്റെ ശ്രീദേവി അമ്മക്ക് ഒൻപത് വോട്ടും ലഭിച്ചു. എൻ.ഡി.എയുടെ മേയർ സ്ഥാനാർഥിക്ക് അഞ്ച് വോട്ട് ലഭിക്കുകയുകയും ഒരു വോട്ട് അസാധുവാകുയും ചെയ്തു. എസ്.ഡി.പി.ഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൊവിഡ് പോസിറ്റിവായ മൂന്ന് കൗൺസിലർമാർ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാൻ എത്തിയത്.
അതേസമയം വോട്ട് ചെയ്‌ത ശേഷം ഉദയ മാർത്താണ്ഡപുരം ഡിവിഷൻ അംഗം സജീവ് സോമൻ സത്യപ്രതിജ്ഞാ ഹാളിൽ കുഴഞ്ഞ് വീണു. ഇയാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർമാർ അറിയിച്ചു.
കേരളത്തിൽ ആദ്യമായാണ് ഒരു വനിത രണ്ടാം തവണയും മേയറാകുന്നത്. 1986 ൽ ഫാത്തിമ കോളജിൽ എസ്.എഫ്.ഐ പാനലിൽ വൈസ് ചെയർപേഴ്‌സണായി മത്സരിച്ചു വിജയിച്ച പ്രസന്ന ഏണസ്റ്റ് പഠന കാലം മുതല്‍ സിപിഎം പ്രവർത്തകയാണ്. മത്സരിച്ച നാല് തവണയും ജയിച്ചുവന്ന പ്രസന്ന ഏണസ്റ്റിന് മേയർ സ്ഥാനത്തേക്ക് രണ്ടാമൂഴമാണ്.
സി.പി.എം ജില്ലാ കമ്മിറ്റിയംഗവും, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമാണ് പ്രസന്ന ഏണസ്റ്റ്. 2000ത്തില്‍ പട്ടത്താനം ഡിവിഷനിൽ നിന്നും വിജയിച്ചാണ് ആദ്യമായി പ്രസന്ന കോർപ്പറേഷൻ കൗൺസിലിൽ എത്തിയത്. 2005ൽ മുണ്ടക്കലിൽ മത്സരിച്ച്, വിജയം ആവർത്തിച്ചു. മൂന്നാം തവണ താമരക്കുളത്ത് നിന്ന് മത്സരിച്ച് വിജയിച്ചെത്തുമ്പോൾ കാത്തിരുന്നത് മേയർ സ്ഥാനം. നാലാംമൂഴത്തിലും താമരകുളം ഡിവിഷൻ തന്നെയാണ് പ്രസന്നയെ മേയർ പദവിയിൽ എത്തിച്ചിരിക്കുകയാണ്. തെക്കേ ഇന്ത്യയിലെ മികച്ച മേയർക്കുള്ള പുരസ്‌കാരവും പ്രസന്ന ഏണസ്റ്റിന് ലഭിച്ചിട്ടുണ്ട്.