കൊല്ലം: കോഴിക്കടയിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി മുഹമ്മദ് അഫ്സ ജലൂറാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. കൊട്ടിയം ജംങ്ഷനിലെ ഒലിപ്പിൽ കോംപ്ലക്സിലെ കോഴിക്കടയിലാണ് ഇയാൾ മോഷണം നടത്തിയത്. ഞായറാഴ്ച ആയിരുന്നു സംഭവം. കടയുടെ കതക് തകർത്താണ് ഇയാൾ അകത്ത് കയറി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്.
തൊഴിൽ തേടി ഒരാഴ്ച മുൻപ് കൊട്ടിയത്ത് എത്തിയ ഇയാൾ മയ്യനാട് റോഡിലെ കോഴിക്കടയിൽ രണ്ട് ദിവസം ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് മറ്റൊരു കടയിൽ മോഷണം നടത്തിയത്. ഇയാൾ മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. വാർത്ത കണ്ട് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് വിവരം കൊട്ടിയം പൊലീസിൽ അറിയിച്ചത്. ഇയാളുടെ സഹോദരൻ കഴിഞ്ഞ വർഷം മയ്യനാട് റോഡിൽ വാഹനപകടത്തിൽ മരിച്ചിരുന്നു. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.