കൊല്ലം: കൊല്ലത്ത് ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റർ പ്രതിഷേധം. ബിന്ദു കൃഷ്ണയെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കണമെന്നാണ് ആവശ്യം. ബിന്ദു കൃഷ്ണ പേയ്മെന്‍റ് റാണിയാണെന്നും ബിജെപിയുടെ ഏജന്‍റാണെന്നുമാണ് പോസ്റ്ററിൽ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഡിസിസി ഓഫീസുകൾക്ക് മുമ്പിലാണ് പോസ്റ്റർ പതിച്ചത്.
യുഡിഎഫിന് സീറ്റുകൾ നഷ്ടപ്പെടാൻ കാരണം ഡിസിസി പ്രസിഡൻ്റ് ബിന്ദു കൃഷ്ണയാണെന്ന് യൂത്ത് കോൺഗ്രസും കെഎസ്‌യുവും അരോപണമുന്നയിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. കൊല്ലം കോർപ്പറേഷനിലും മുൻസിപാലിറ്റികളിലും പഞ്ചായത്തുകളിലും തോൽവി നേരിടേണ്ടി വന്നത് കോൺഗ്രസ് നേതാക്കളുടെ അനുയായികൾക്കും മറ്റും സീറ്റ് വീതം വെച്ച് നൽകിയതിനെ തുടർന്നാണന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കൊല്ലം ഡിസിസിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഈ ആരോപണങ്ങൾ നിലനിൽക്കേയാണ് കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം നഗരത്തിന്‍റെ വിവിധ മേഖലകളിലും ജില്ലാ കോൺഗ്രസ് ഭവന് മുന്നിലും ആർഎസ്‌പി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.