കൊല്ലം: അഞ്ചാലുംമൂട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ലിബിൻ്റെ (17) മരണത്തിൽ സ്കൂൾ അധികൃതർക്കും മറ്റ് വിദ്യാർഥികൾക്കും എതിരെ ആരോപണവുമായി ബന്ധുക്കൾ. വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ലിബിന് മര്‍ദനം ഏറ്റെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതാണ് കുട്ടി മരിക്കാന്‍ ഇടയായ സാഹചര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
സംഘർഷം നടന്നു എന്ന് പറയുന്ന സഹപാഠികളുടെ ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഘർഷം ഉണ്ടായപ്പോൾ സ്‌കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിച്ചെന്നും ആരോപണം ഉണ്ട്. അതേസമയം കുട്ടിക്ക് ന്യുമോണിയ ആയിരുന്നു എന്നാണ് പരാതിയെ തുടർന്ന് പോസ്റ്റ് മോർട്ടം നടത്തിയ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പ്രാഥമിക പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റതായി കണ്ടെത്താനായിട്ടില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് എസ്എഫ്ഐ അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.