കൊല്ലം: തെന്മല വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന വനമേഖലയിൽ കടന്ന് കയറി മയിലിനെ വേട്ടയാടി ഇറച്ചിയാക്കിയ സംഭവത്തിൽ കണ്ടെടുത്ത തോക്കുകൾ സംബന്ധിച്ച അന്വേഷണം പൊലീസിന് കൈമാറി. കുളത്തൂപുഴ പൊലീസാണ് ആയുധ നിയമ പ്രകാരം കേസ് അന്വേഷിക്കുക. ഞായറാഴ്ച വൈകിട്ടോടെയാണ് കുളത്തൂപ്പുഴ റോക്ക് വുഡ് എസ്റ്റേറ്റിൽ നിന്നും മയിൽ ഇറച്ചിയുമായി മൂന്നംഗ സംഘത്തെ വനപാലക സംഘം അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ പക്കൽ നിന്നും മൂന്നു നാടൻ തോക്കുകൾ, ലൈസൻസുള്ള രണ്ട് തോക്കുകൾ, എയർ പിസ്റ്റൽ എന്നിവ കണ്ടെത്തിയിരുന്നു.
ഒരു തോക്ക് വിദേശനിർമ്മിതവും ഒരു ലക്ഷത്തിലധികം രൂപ വിലവരുന്നതുമാണ്. ഒന്നിലധികം തോക്കുകൾ കണ്ടെത്തിയതോടെയാണ് വനംവകുപ്പ് കേസ് പൊലീസിന് കൈമാറിയത്. തോക്ക് എവിടെ നിന്ന് ലഭിച്ചു, ലൈസൻസ് ലഭിച്ചിട്ടുണ്ടോ എന്നവ സംബന്ധിച്ച് പരിശോധിക്കാൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഉടൻ അപേക്ഷ സമർപ്പിക്കുമെന്നും കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത ഉണ്ടാകൂ എന്നും കുളത്തൂപുഴ സർക്കിൾ ഇൻസ്‌പെക്ടര്‍ അറിയിച്ചു.