കൊല്ലം: വികസനത്തിന് ഗ്യാരണ്ടി കാർഡ് ഇറക്കി കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്‌ണുനാഥ്. മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനും വികസന കുതിപ്പിന് ഊന്നൽ നൽകാനും ഉതകുന്ന പത്ത് ഉറപ്പുകളാണ് ഗ്യാരണ്ടി കാർഡിൽ പറയുന്നത്.
ഇളമ്പള്ളൂർ, മുക്കട, പള്ളിമുക്ക് ഗതാഗത കുരുക്കിന് പരിഹാരം കാണാൻ റെയിൽവേ മേൽപ്പാലം. കുണ്ടറയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബസ് സ്റ്റേഷൻ, മൂന്ന് മാസത്തിൽ ഒരിക്കൽ ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ അദാലത്ത്, കശുവണ്ടി മേഖലയെ പുനരുദ്ധരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ്, വ്യാവസായിക പാർക്ക്, ക്ഷാമം നേരിടുന്ന മേഖലയിൽ ദ്രുതഗതിയിൽ കുടിവെള്ള എത്തിക്കാൻ പദ്ധതി, ടെക്‌നോപാർക്കിനെ പുനരുജ്ജീവിപ്പിച്ച് യുവാക്കൾക്ക് തൊഴിലവസരങ്ങള്‍, രാജ്യാന്തര നിലവാരമുള്ള സ്പോർട്‌സ് കോംപ്ലക്‌സ്, ആരോഗ്യം ഉറപ്പുവരുത്താൻ ഓപ്പണ്‍ ജിംനേഷ്യം,10 വർഷം കൊണ്ട് കുണ്ടറയെ പ്ലാസ്റ്റിക് മുക്തമാക്കല്‍, ജലാശയങ്ങളും ജലസ്രോതസുകളും ശുദ്ധീകരിച്ച് സംരക്ഷിക്കല്‍ എന്നിങ്ങനെയാണ് പത്ത് ഉറപ്പുകൾ.
ഗ്യാരണ്ടി കാർഡിന്‍റെ പ്രകാശനം പി.സി.വിഷ്‌ണുനാഥ് കശുവണ്ടി തൊഴിലാളി റംലത്തിന് നൽകി നിർവ്വഹിച്ചു. കുണ്ടറ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി സെക്രട്ടറി ഹരികുമാർ, ജി.വേണുഗോപാൽ, രാഹുൽ മാങ്കുട്ടത്തിൽ, കെ.ആർ.വി.സഹജൻ, കെ.ബാബുരാജൻ, പത്മലോചനൻ തുടങ്ങിയവർ പങ്കെടുത്തു.