കൊല്ലം : സർക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോൾ രക്ഷപ്പെടാനുള്ള അടവാണ് കെഎസ്ഇബിയിൽ യുഡിഎഫിന്‍റെ കാലത്ത് അഴിമതി നടന്നുവെന്ന മുന്‍ വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസ്‌താവനയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതി നടന്നുവെങ്കില്‍ എന്തുകൊണ്ട് ആറ് വർഷമായി നടപടി എടുക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. അഴിമതി ഉണ്ടാകാത്തത് കൊണ്ടാണ് നടപടി എടുക്കാത്തതെന്ന് ഇതിൽ നിന്നും വ്യക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഡി സതീശന്‍റെ പാര്‍ട്ടി ഭരിക്കുമ്പോഴാണ് കെഎസ്‌ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്‌തതെന്ന് എം.എം മണി ആരോപിച്ചിരുന്നു. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വച്ച് കോടികളുടെ നഷ്‌ടം വരുത്തിയെന്നും മുന്‍ വൈദ്യുതി മന്ത്രി ആരോപിച്ചു. തന്‍റെ കൈകള്‍ ശുദ്ധമാണ്. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നുമായിരുന്നു എംഎം മണിയുടെ അഭിപ്രായ പ്രകടനം.
ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയർമാൻ ബി അശോകിന്‍റെ ആരോപണങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കെഎസ്ഇബി പ്രവർത്തിച്ചത് പാർട്ടി ഓഫിസ് പോലെയാണ്. ബോർഡിൽ ഗുരുതര ക്രമക്കേടാണ് നടന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.