കൊല്ലം: 'പിണറായിക്ക് തുടർഭരണവും ബിജെപിക്ക് നാലഞ്ച് സീറ്റും' എന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം-ബിജെപി ഡീലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പത്തനാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാർ ചാമക്കാലയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുകയാണ്.എന്നാല്‍ ഈ ഡീൽ കേരളത്തിൽ നടപ്പാകില്ല, ആർഎസ്‌എസ് നേതാവിൻ്റെ വായിൽ നിന്നുതന്നെ ബിജെപി-സിപിഎം ഡീൽ പുറത്തുവന്നെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. പാവപ്പെട്ട കുടുംബങ്ങൾക്ക് യുഡിഎഫ്, മാസം 6,000 രൂപ ഉറപ്പാക്കും, അധികാരത്തിൽ വന്നാൽ ആറായിരത്തില്‍ താഴെ മാസവരുമാനമുള്ള ഒരു കുടുംബവും കേരളത്തിലുണ്ടാവില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
നിലവിലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നാടിന് ശാപമാണ്, പിണറായിയും മോദിയും നാടിനെ കുട്ടിച്ചോറാക്കിയിരിക്കുകയാണ്. ഇരുവരെയും അധികാരത്തില്‍ നിന്ന് മാറ്റേണ്ടതുണ്ട്. പിണറായി സര്‍ക്കാര്‍ ബന്ധുക്കൾക്കും പാർട്ടിക്കാർക്കും മാത്രമുള്ളതായി മാറി. പാവപ്പെട്ടവർക്ക് സൗജന്യ കിറ്റ് നൽകിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്. ഇടതുസർക്കാർ പരസ്യത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. സർക്കാരിനെ കൊണ്ട് നാടിന് ഒരു ഗുണവുമില്ലാതായെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.