കൊല്ലം: കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട വൃദ്ധയെ അതിസാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാർ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കുളത്തൂപ്പുഴ സ്വദേശിനി സതിയാണ് കുളത്തൂപ്പുഴ അമ്പലക്കടവിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം.
അമ്പലകടവിൽ സതിയും മറ്റൊരു വ്യദ്ധയും കുളിക്കുകയായിരുന്നു. ഇതിനിടെ സതി കാൽ വഴുതി ആറ്റിലേക്ക് വീണ് ഒഴുകിപ്പോയി. മഴക്കാലമായതിനാൽ ആറ്റിൽ ശക്തമായി ഒഴുക്കുണ്ടായിരുന്നു. ഇതിനിടെ ഒപ്പം കുളിക്കാൻ എത്തിയ വൃദ്ധ ബഹളം കൂട്ടിയതിനെ തുടർന്ന് സമീപത്തെ പാലത്തിലൂടെ നടന്നു വന്ന നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ആറിന്‍റെ നടുവില്‍ കിട്ടിയ വള്ളിയില്‍ പിടിച്ച് കിടന്ന സതിയെ വടം എറിഞ്ഞ് കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരായ ബിജു, ശംഭു, ശിവ, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. കെഎസ്ഇബി ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.