ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. സിപിഐ പ്രാദേശിക നേതാവിന്റെ മകനായ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം പ്രതിയെ സഹായിച്ചവർക്കെതിരെ കാപ്പ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
ഓച്ചിറയിൽ നാടോടി സംഘത്തിലുൾപ്പെട്ട പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി രണ്ടു ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. പെൺകുട്ടിയെ തേടി പൊലീസ് സംഘം ബംഗളൂരുവില്‍എത്തിയെങ്കിലും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തട്ടിക്കൊണ്ട് പോയതിന് പിന്നിൽ ഗുണ്ടാസംഘമാണെന്ന് പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയ ക്രിമനൽ കേസ് പ്രതി പ്യാരിക്കെതിരെ കാപ്പ ചുമത്തുവാനാണ് പൊലീസിന്‍റെ തീരുമാനം. സിപിഐ പ്രാദേശിക നേതാവിന്‍റെ മകൻ മുഹമ്മദ് റോഷനെ സംരക്ഷിക്കാനാണ് കേസ് വഴിതിരിച്ചുവിടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പെൺകുട്ടിക്കൊപ്പം റോഷൻ മാത്രമാണുള്ളതെന്നുംമറ്റു പ്രതികൾ ഒളിവിൽ കഴിയുകയാണെന്നും പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാൽ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസിന്‍റെ നീക്കം.