തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തന ശൈലിയാണ് കേരളത്തില്‍ യുഡിഎഫിന് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കാരണമായതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. ശബരിമല പോലൊരു വിഷയത്തെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു. ശബരിമല പ്രശ്നം ആരംഭിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ശബരിമലയില്‍ സവര്‍ണരും അവര്‍ണരും തമ്മിലുള്ള പ്രശ്നമാണെന്ന് പ്രസ്താവിച്ചതിലൂടെ കേരളത്തില്‍ വിശ്വാസത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്നും ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നയം തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു നടത്തിയ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തെ മാത്രം ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് ഇടത് മുന്നണി ഈ തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സിപിഎം കൊല്ലത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം ഒരു പൊതു ചര്‍ച്ചക്ക് വിധേയമാക്കണം. ഡോ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ വർഗീയത തനിക്കെതിരെ ഇളക്കിവിടാൻ ശ്രമം നടന്നു. എന്നാല്‍ ഇങ്ങനെ ഒരു ഭൂരിപക്ഷം പ്രതീക്ഷിച്ചില്ല. കൊല്ലത്ത് സിപിഎമ്മിന് 28,000 വോട്ടുകള്‍ കുറഞ്ഞു അതേസമയം ബിജെപിക്ക് അത്ര സ്വാധീനമേഖല അല്ലാതിരുന്നിട്ടു പോലും അവിടെ അവര്‍ക്ക് വോട്ട് വര്‍ധനവ് ഉണ്ടായിയെന്നും സിപിഎം അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നെറികേടിന്‍റെ രാഷ്ട്രീയം നടത്തിയെന്നെന്നുള്ള പ്രചാരണം തനിക്കെതിരെ വ്യാപകമായി സിപിഎം നടത്തി. 2014 ല്‍ ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി എടുത്ത തീരിമാനത്തിനൊപ്പം നിന്നത് എങ്ങനെ നെറികേടാകുമെന്ന് അദ്ദേഹം ചോദിച്ചു. ഒരു വ്യക്തിയുടെ ഇഷ്ടത്തിന് വഴങ്ങികൊടുക്കുന്ന രീതിയിലേക്ക് ഇടതുപക്ഷം മാറിയിരിക്കുന്നുവെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.