കൊല്ലം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിന് ധാർമികമായി തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കേരളത്തിൽ കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇതു വഴി നൽകുന്നത് മന്ത്രിയുടെ പേരിലുള്ള കെ. ടി. ജലീൽ സർട്ടിഫിക്കറ്റ് ആണെന്നും പ്രേമചന്ദ്രൻ പരിഹസിച്ചു. വ്യക്തിതാല്പര്യം മുൻനിർത്തി നിയമവിരുദ്ധമായി ഇഷ്ടക്കാർക്ക് മാർക്ക് ദാനം ചെയ്ത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമുണ്ടാക്കിയ മന്ത്രി തൽസ്ഥാനത്ത് തുടരുന്നത് ഭരണഘടനാവിരുദ്ധമാണ്.
സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളുടെ അന്തസ്സ് തകർക്കുന്ന വിധത്തിലാണ് മന്ത്രിയുടെ ഇടപെടലുകൾ. തെറ്റുകൾ മറച്ച് വെക്കുന്നതിന് വേണ്ടി മന്ത്രി പറയുന്ന കളവുകൾ വിദ്യാഭ്യാസ മേഖലയ്ക്കുതന്നെ കളങ്കം ചാർത്തുന്നതാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷയിൽ തോറ്റ വിദ്യാർഥിക്ക് യഥേഷ്ടം മാർക്ക് നൽകി വിജയിപ്പിക്കുവാനുളള യാതൊരു നിയമവ്യവസ്ഥയും നിലവിൽ ഇല്ലാതിരിക്കെയാണ് തോറ്റ വിദ്യാർഥിയെ ജയിപ്പിക്കുവാനുളള മന്ത്രിയുടെ ഇടപെടൽ എന്നും പ്രേമചന്ദ്രൻ പറഞ്ഞു.