കൊല്ലം: കൊല്ലം ബൈപാസ് റോഡിലെ ടോൾ പിരിവ് നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ടോൾ പിരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ആർ.വൈ.എഫ്. കൊല്ലം ജില്ലാ കമ്മിറ്റി കുരീപ്പുഴ ടോൾ പ്ലാസയ്‌ക്ക് മുൻപിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോൾ പിരിവിനെതിരെ സംസ്ഥാന സർക്കാർ മന്ത്രിസഭ കൂടി പ്രമേയം പാസാക്കണമെന്നും കൊല്ലം ബൈപാസ് റോഡിൽ ആറുവരി പാതയ്ക്കായുള്ള ടെൻഡർ നടപടി നടന്നു വരുന്ന സാഹചര്യത്തിൽ ടോൾ പിരിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളായ ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന ബൈപാസ് റോഡിൽ ടോൾ ഏർപ്പെടുത്തുമ്പോൾ അത് ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും അപകടങ്ങൾ കൂടാനും ഇടറോഡുകളിൽ തിരക്കു കൂടാനും ഇതും കാരണമായി മാറുമെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു.
ആർ.വൈ.എഫ്. കൊല്ലം ജില്ലാ പ്രസിഡന്‍റ് എസ് ലാലു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് യു. ഉല്ലാസ് കുമാർ ,കുരീപ്പുഴ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.