കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചണ്ഡീഗഢ് യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു.പൂള്‍ ഡിയില്‍ യൂക്കോ ബാങ്ക് മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് ഡല്‍ഹിയെ തകര്‍ത്തു. രാധ, പൂജ, ആര്‍തി,ക്യാപ്റ്റന്‍ ദീപ്‌തി ശര്‍മ, ജ്യോതി എന്നിവര്‍ യൂക്കോ ബാങ്കിനായി ഗോളുകള്‍ നേടി. പൂള്‍ ഡിയില്‍ യൂക്കോ ബാങ്കിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
ഗ്രൂപ്പ് ഇ യിലെ നിര്‍ണായക മത്സരത്തില്‍ പട്യാല ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബിഹാറിനെ തോല്‍പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. പട്യാലയ്ക്കായി മന്‍ദീപ് കൗര്‍,തരന്‍ ദീപ് കൗര്‍, സുമന്‍പ്രീത് കൗര്‍, സുഖ് വീര്‍ കൗര്‍ എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു .ബിഹാറിന്റെ ആശ്വാസഗോള്‍ കുമാരി അപരാജിതയുടെ വകയായിരുന്നു. പൂള്‍ എഫിലെ മത്സരത്തില്‍ മുംബൈ മടക്കമില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തെലങ്കാനയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. പ്രിയ ദുബെ ഹാട്രിക് നേടിയ മത്സരത്തില്‍ പായല്‍ സാവന്ത്, റുഖയ്യ ഷെയ്ഖ്,അല്‍തിയ ഡാല്‍മെയ്ഡ ,റേഷം മെഹാദിക്ക് എന്നിവര്‍ മുംബൈയ്ക്കായി ഓരോ ഗോള്‍ വീതം നേടി.
നാളെ നടക്കുന്ന പൂള്‍ എച്ചിലെ മത്സരങ്ങളോടെ ടൂര്ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം വ്യക്തമാകും. അവസാന പൂള്‍ മത്സരങ്ങളില്‍ ഹോക്കി ഹിമാചല്‍ വിദര്‍ഭയെ നേരിടും. സാഗ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി) എസ് എസ് ബി (സശസ്ത്രസീമാബല്‍) മത്സരവിജയി പൂള്‍ എഫില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. ഈ മാസം 29നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോവയുടെ എതിരാളി പൂള്‍ എഫ് ജേതാക്കളാണ്. രണ്ടാം ക്വാര്‍ട്ടറില്‍ ഗുജറാത്തും ബെംഗളൂരുവും ഏറ്റുമുട്ടും. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ എസ് പി എസ് ബിയും (സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) മുംബൈയും തമ്മിലാണ്.
അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചണ്ഡീഗഢ് യൂക്കോ ബാങ്ക് പട്യാലയെ നേരിടും. ഈ മാസം 31 ബുധനാഴ്‌ചയാണ് ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍. ഫെബ്രുവരി ഒന്നിന് ലൂസേഴ്‌സ് ഫൈനലും കിരീടപ്പോരാട്ടവും നടക്കും.രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് ഗോള്‍ നേടിയ എസ് എസ് ബിയുടെ രന്‍ജിത മിന്‍ജാണ് ഗോള്‍ സ്‌കോറര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത്. എസ് എസ് ബിയുടെ തന്നെ പ്രീതിയും സാഗിന്റെ ശിവാംഗി സോളങ്കിയുമാണ് തൊട്ടുപിന്നിലുള്ളത്. രണ്ട് മത്സരങ്ങളില്‍ നിന്നും ആകെ 22 ഗോള്‍ നേടിയ എസ് എസ് ബിയാണ് ടീം ഗോള്‍ സ്‌കോറിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്.