കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്തെ അസ്ട്രോ ടർഫ് സ്‌റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. ചരിത്രത്തിലാദ്യമായി കേരളത്തിലെത്തുന്ന ചാമ്പ്യന്‍ഷിപ്പ് വൈകിട്ട് 4.30ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രിമാരായ കെ.രാജു, ജെ.മേഴ്‌സിക്കുട്ടിയമ്മ, കേരള ഹോക്കി ബ്രാന്‍ഡ് അംബാസിഡര്‍ സുരേഷ് ഗോപി എം.പി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, എം.മുകേഷ് എം.എല്‍.എ, ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 19 ദിവസം നീണ്ട് നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍വീസ് ടീമുകളും ഉള്‍പ്പെടെ 45 ടീമുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെയും അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെയും സെലക്ഷന്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും.
ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷൻ മത്സരങ്ങള്‍ ജനുവരി 23-ന് ആരംഭിക്കും. ബി ഡിവിഷന്‍ മത്സരങ്ങള്‍ ഫെബ്രുവരി ഒന്ന് വരെ നീളും. ജനുവരി 30 മുതലാണ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുക. ബി ഡിവിഷനില്‍ മത്സരിക്കുന്ന ചണ്ഡീഗഡില്‍ നിന്നുള്ള യൂകോ ബാങ്ക് വിമന്‍സ് ഹോക്കി അക്കാദമി ടീം, ബിഹാര്‍, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, മുംബൈ, ഗുജറാത്ത്, ബംഗാൾ എന്നീ ടീമുകള്‍ കൊല്ലത്തെത്തി. രാവിലെ 6.30-ന് ഉത്തരാഖണ്ഡ് ടീം പരിശീലനത്തിനിറങ്ങും. തുടർന്നുള്ള സമയങ്ങളിൽ മറ്റ് ടീമുകളും പരിശീലിക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍ വരും ദിവസങ്ങളിലെത്തും.