കൊല്ലം: ബൈക്കിലെത്തി റോഡരികിൽ സംസാരിച്ചു നിന്ന യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. മയ്യനാട് സ്വദേശി സിയാദിനെ(29) ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. മാർച്ച് 10ന് അമ്മാച്ചൻ മുക്കിൽ വെച്ചായിരുന്നു കേസിന് ആസ്പതമായ സംഭവം. ബൈക്കിൽ വാളുമായെത്തിയ സിയാദ് ആയിരം തെങ്ങ് സ്വദേശി ഹസീം (28) ഇയാളുടെ സുഹൃത്ത് അനന്തു എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സിയാദിനെ സിറ്റി സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.