കൊല്ലം: കൊട്ടാരക്കര മുട്ടറ സ്കൂളിലെ കാണാതായ പ്ലസ്ടു പരീക്ഷ ഉത്തരക്കടലാസുകള്‍ കണ്ടെത്തി. തിരുവനന്തപുരത്തെ റെയില്‍വേ വാഗണിലാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. 27 ദിവസത്തിന് ശേഷമാണ് ഉത്തരക്കടലാസുകള്‍ തിരിക്കെ ലഭിച്ചത്. കണ്ടെത്തിയ ഉത്തരക്കടലാസുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ എത്തിച്ചു. ഉത്തരക്കടലാസുകൾ ലഭിച്ച വിവരം വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഐഷാപോറ്റി എം.എൽ.എയെ അറിയിക്കുകയും ചെയ്തു.
നഷ്ടമായ ഉത്തരക്കടലാസുകൾ കണ്ടെത്താത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. വീണ്ടും പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. അതിനായി യോഗം കൂടാനൊരുങ്ങിയെങ്കിലും തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക് ഡൗൺ ആയതിനാൽ സാധിച്ചിരുന്നില്ല. ഉത്തര പേപ്പറുകൾ കണ്ടുകിട്ടിയ സാഹചര്യത്തിൽ വേഗത്തില്‍ മൂല്യനിര്‍ണയം നടത്തി പത്താം തീയതി തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് നിർദേശം.