കൊല്ലം : സാമൂഹിക ഐക്യത്തിലൂടെ താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലേക്ക് (MAIN STREAM) ഉയര്‍ത്തേണ്ടത് പൊതുസമൂഹത്തിന്‍റെ കടമയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ (K Radhakrishnan). പട്ടികജാതി വിഭാഗത്തിന്‍റെ ഉന്നമനത്തിന് സാമൂഹ്യ ഇടപെടല്‍ ആവശ്യമാണെന്നും ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാലാഖക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് കഴിയണം. ആദിവാസി മേഖലയിലെ വിദ്യാർഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിവരികയാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി നൂതന പദ്ധതികള്‍ ജില്ല പഞ്ചായത്ത് തലത്തില്‍ നടത്തുന്നത് മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ALSO READ: Heart Touching| മയില്‍ കുഞ്ഞുങ്ങള്‍ക്ക് ഇനി കോഴിയമ്മയുടെ ചൂടില്ല, ജീവിതം ഒറ്റയ്ക്ക്
ജനറല്‍/ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് വര്‍ഷത്തേക്ക് സ്‌റ്റൈപ്പന്‍റോടെ നിയമനം നല്‍കുകയാണ് മാലാഖക്കൂട്ടം (Malakhakoottam) പദ്ധതിയിലൂടെ ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 100 പേര്‍ക്കാണ് നിയമനം. ഇവര്‍ക്കുള്ള ഉത്തരവുകള്‍ മന്ത്രി കൈമാറി.