കൊല്ലം: നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് തോപ്പില്‍ കടവില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നീണ്ടകരയും ചെട്ടികുളങ്ങരയും കേന്ദ്രീകരിച്ച് ബോട്ടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് സംഘടിച്ച് എത്തിയത്. പിരിഞ്ഞു പോകാനുള്ള നിര്‍ദേശം അവഗണിച്ചതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി.
ലോക്ക് ഡൗണിനെ തുടർന്ന് നിലവിൽ ഇവർക്ക് ജോലിയില്ല. കൂടാതെ ഒൻപതാം തിയതി ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ ദുരിതം ഇരട്ടിയാകും. ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇതോടെയാണ് നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിന് സമീപത്ത് ഇവര്‍ സംഘം ചേര്‍ന്ന് പ്രതിഷേധിച്ചത്.