കൊല്ലം: ലഗേജിന് ടിക്കറ്റെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അതിഥി തൊഴിലാളി കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടറെ ക്രൂരമായി മർദിച്ചതായി പരാതി. തന്നെ അടിച്ച് വീഴ്ത്തുകയും കൈ ചവട്ടിയൊടിക്കുകയും ചെയ്തതായി ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടര്‍ രോഷ്നി പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശി ഓംപ്രകാശാണ് ഇവരെ മർദിച്ചത്. രോഷ്നിയുടെ വലതുകൈയ്ക്കാണ് ഒടിവ്. നെഞ്ചിലും മുതുകത്തും പരിക്കുണ്ട്. ഇവരെ കൊല്ലം ജില്ല ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അക്രമി ഓംപ്രകാശിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറ്റിങ്ങൽ സ്റ്റാൻഡിൽ നിന്ന് ബസിൽ കയറിയ ഓംപ്രകാശ്, ലഗേജ് ബസിന്റെ പിറകിലെ സീറ്റിനടിയില്‍ വച്ചശേഷം മുൻസീറ്റിലാണ് ഇരുന്നത്. പിന്നിലെ സീറ്റിനടിയിൽ പെട്ടി കണ്ട വനിത കണ്ടക്ടർ ലഗേജ് ആരുടേതാണെന്ന് തിരക്കിയപ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടർന്ന് ബസ് കൊല്ലം ചിന്നക്കടയിലെത്തിയപ്പോൾ ഓംപ്രകാശ് പെട്ടിയെടുത്ത് ഇറങ്ങാനൊരുങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ലഗേജിന് ടിക്കറ്റ് ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണം. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഓംപ്രകാശിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.
Also read: അഭിമന്യു വധം : രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
അതേസമയം സംഭവം നടക്കുമ്പോൾ ചിന്നക്കടയിൽ പൊലീസ് ഉണ്ടായിട്ടും തന്നെ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ചശേഷം ജീവനക്കാർ ചേർന്ന് ക്രൂരമായി മർദിച്ചതായി ഓം പ്രകാശ് പൊലീസിനോട് പറഞ്ഞു. തുടർന്ന് പ്രതിയെ പൊലീസ് ജില്ല ആശുപത്രിയിൽ എത്തിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുസംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.